Sunday, September 26, 2010

കൊയ്തുകാലത്തിന്റെ ഓര്‍മ്മകള്‍

എപ്പോഴും കഴിഞ്ഞ കാലമാണ് സുന്ദരം . തിരിച്ചുകിട്ടില്ല എന്നുള്ളത് കൊണ്ടാകാം.വര്‍ഷങ്ങള്‍ പിന്നോട്ടുപോയാല്‍ ഇപ്പോള്‍ കൊയ്ത്തു കഴിഞ്ഞു  നിലം ഒരുങ്ങുന്ന സമയമാണ് . 80 പേര് വരെ കൊയ്ത കാലം എനിക്കോര്‍മ്മയുണ്ട് . കൊയ്ത്തു ആയാല്‍ പിന്നെ ഉത്സവം പോലെയാണ് . നമ്മള്‍ കുട്ടികളെ ആരും നോക്കില്ല . കൊയ്ത്തുകാരുടെ മക്കളും എല്ലാം ഉള്ള കുടുംബം രാവിലെ വയലില്‍ എത്തിയാല്‍ എത്ര ആളെന്ന വിവരം വീട്ടില്‍ അറിയിക്കും . പിന്നെ അമ്മയും സഹായത്തിനുള്ള കുറച്ചു പേരും കൂടി അവര്‍ക്ക്  കഞ്ഞി വയ്ക്കാനുള്ള ഒരുക്കം തുടങ്ങും . കഞ്ഞിക്ക്  കറിയായി ഒന്നുകില്‍ അസ്ത്രം എന്ന് പേരുള്ള കൂട്ടാന്‍ ,അല്ലെങ്കില്‍ കപ്പ പുഴുങ്ങിയതും ചമ്മന്തിയും . നിസ്സാരമല്ല , എത്ര പേര്‍ക്ക് വയ്ക്കണം . അതിനിടയ്ക്ക് കറ്റ എവിടെ വയ്ക്കണം , വെള്ളം കുടിക്കാന്‍ കൊടുക്കണം , കന്നുകാലികളെ നോക്കണം അങ്ങനെ അമ്മ നിലം തൊടാതെ പറക്കും .
                                                        മഴ ഇല്ലാത്ത സമയമാണെങ്കില്‍ മുറ്റം ഒരുക്കി ചാണകം മെഴുകിയാല്‍ കറ്റ വയ്ക്കാം , പക്ഷെ മഴയാണെങ്കില്‍ ആലയ്ക്കുള്ളില്‍ വച്ചശേഷം വീടിനെ ആക്രമിച്ചേ പറ്റൂ. ആദ്യം ചായിപ്പു എന്ന് വിളിക്കുന്ന ഗോടൌണില്‍ , പിന്നെ വടക്കേ തിണ്ണയില്‍ , പിന്നെ ചിലപ്പോള്‍ മുന്‍പിലുള്ള മുറിയിലും . കറ്റ നിറഞ്ഞു കഴിഞ്ഞാല്‍ പിന്നെ ഒന്നിന്റെ പുറത്തു നിന്ന് വേറൊന്നിലെക്കുള്ള ചാട്ടം തുടങ്ങും . ആരെങ്കിലും കണ്ടാല്‍ വഴക്ക് ഉറപ്പ് . എത്ര ചാടിയാലും ചൊറിയാത്ത ശരീരത്തിന്റെ ശാസ്ത്രം ഇപ്പോള്‍ പിടി  കിട്ടുന്നില്ല . നെല്ല് കണ്ടാല്‍ മതി ഇപ്പോള്‍ ചൊറിയാന്‍  ! കൊയ്തും ചുമടുമായി മൂന്നു മണി കഴിയും ആള്‍ക്കാര്‍ എത്താന്‍. പിന്നെ ഭക്ഷണം . വാഴപ്പോള വട്ടത്തില്‍ കെട്ടി , അതിന്റെ മുകളില്‍ ഇല വച്ച് കഞ്ഞി വിളമ്പും , അവര്‍  കഴിക്കുന്നതുപോലെ വേണമെന്ന്  പറഞ്ഞാല്‍ വഴക്കാകും ചിലപ്പോള്‍ കിട്ടുന്നത് . അത് കഴിഞ്ഞു എല്ലാവരും കൂടി വട്ടം കൂടിയിരുന്നു കഥ പറയും . അതിനിടയ്ക്ക് ചെന്നിരുന്നു കഥയൊക്കെ കേട്ട് കഴിയുമ്പോള്‍ കൊയ്തുകാരെക്കള്‍ വലിയ ക്ഷീണം നമുക്ക് .   അഞ്ചു മണി ആകുമ്പോഴേക്കും ആറ്റില്‍ കൊണ്ട് കുളിപ്പിച്ച് , നെല്ലിന്ന്റെ പൊടിയെല്ലാം കളഞ്ഞു വൃത്തിയാക്കും . പിന്നെ വന്നാലും കറ്റ പുറത്തു തന്നെ കളി .
                                                       പിറ്റേന്ന് മുതല്‍ തുടങ്ങും കറ്റ മെതി . പാറ കൊണ്ടിട്ടു , ആണുങ്ങള്‍ കറ്റ അടിച്ചു കൊടുക്കും , പെണ്ണുങ്ങള്‍ ചവിട്ടും . അന്നത്തെ കൊയ്തും കഴിഞ്ഞു സന്ധ്യ കഴിയും അവര്‍ എത്തുമ്പോള്‍ . അതിനിടക്ക് ചെന്ന് 'എനിക്കും കറ്റ ചവിട്ടണം ' എന്ന് പറയുമ്പോള്‍ കാല് പൊട്ടും എന്ന് പറഞ്ഞു കൊണ്ട് കുഞ്ഞു കറ്റകള്‍ ഉണ്ടാക്കി തരും . അത് ചവിട്ടി കഴിഞ്ഞാല്‍ പിന്നെ ഒരു വയല് മൊത്തം കൊയ്ത സന്തോഷം . അവരുടെ ജോലി ചിലപ്പോള്‍ രാത്രി നീണ്ടു പോകും . അവിടെ തന്നെ കിടന്നുറങ്ങി നേരം വെളുക്കുമ്പോള്‍ അളന്നു പതവും വാങ്ങി വീട്ടിലേയ്ക്ക് , പിന്നെ അടുത്ത കൊയ്ത്തു സ്ഥലത്തേക്ക് . എന്തായിരുന്നു അവരുടെ ആരോഗ്യം !
                                                                                      പിന്നെ ഓരോ വര്‍ഷവും കൊയ്ത്തിനു ആള് കുറഞ്ഞും കൂലി കൂടിയും വന്നു  . അവര്‍ സ്വന്തമായി ഉരുക്കളെ വാങ്ങി ഉഴുതു തുടങ്ങി . പോത്തിനെയും കാളയെയും നോക്കാന്‍ ആള് വേണ്ടാതായി . പിന്നെ പിന്നെ കൂലിക്ക് കൊയ്തും , കൂലിക്ക് ചുമടും തുടങ്ങി . കൃഷി എന്നാല്‍ നഷ്ടം എന്ന് മാത്രമായി .ഒരുപ്പൂ കൃഷിയായി, ഇപ്പോള്‍ കൃഷി ഇല്ലാതായി .

                                               വിത്ത് നനച്ചു വച്ച്  മുളപ്പിച്ചു , വിതച്ചു തന്നിരുന്നത് വെളുമ്പന്‍ പണിക്കന്‍ , കിളി അടിക്കാന്‍ പാട്ട കൊട്ടി വരമ്പതിരിക്കുന്ന കുറുപ്പപ്പൂപ്പന്‍, വേര് ഉറച്ചാല്‍ കളയെടുത്തു വളം ഇടാന്‍ വരെ ശ്രദ്ധയോടെ നോക്കാന്‍ വേറെ ആളുകള്‍ , ചാഴിയുണ്ടോ എന്ന് നോക്കി , നെല്ലെങ്ങനെ എന്ന് ശ്രദ്ധിച്ചു , എത്ര പേരുടെ അധ്വാനം ആയിരുന്നു . ഇപ്പോള്‍ ആ നിലം എല്ലാം വാഴയും വച്ച് ഇട്ടിരിക്കുന്നു . നെല്‍ക്കതിര് കാണണമെങ്കില്‍ കൃഷി വകുപ്പില്‍ നിന്ന് ആളെത്തി ഏല ഏറ്റെടുത്തു ചെയ്യണം .
                                                          വൈക്കോല്‍ ഉണക്കുന്നതും തുറു കൂട്ടുന്നതും ഒന്നും ഇനി ഉണ്ടാവില്ല . നാട് എന്ന് പറഞ്ഞാല്‍ കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കല്ലടയാറും മരിച്ച വയലുകളും , മണ്ട പോയ തെങ്ങുകളും , നിറയെ പാലും പണവും ഒഴുക്കി, നിരന്നു നില്‍ക്കുന്ന പട്ടാളക്കാരെ പോലെ തോന്നിപ്പിക്കുന്ന റബ്ബര്‍ മരങ്ങളും ആണ് . പണകൊയ്തു മാത്രം ആഗ്രഹിക്കുന്ന  മനസുകള്‍ക്ക്  വേറെ എന്ത് കൊയ്ത്തു വേണം .

3 comments:

  1. വളരെ നല്ലൊരു പോസ്റ്റ്, ചേച്ചീ.

    ഒരിയ്ക്കല്‍ പഴയ കൊയ്ത്തു കാലത്തിന്റെ ഓര്‍മ്മകള്‍ എഴുതണമെന്ന് കഴിഞ്ഞ തവണ ഉണങ്ങി വരണ്ടു കിടക്കുന്ന പാടത്തൂടെ നടന്നപ്പോഴും ഓര്‍ത്തതേയുള്ളൂ... ഇതെല്ലാം ഇങ്ങനെ കുറിച്ച് വയ്ക്കുക തന്നെ വേണം. ഇങ്ങനെയും ഒരു കാലമുണ്ടായിരുന്നു എന്ന് വരും തലമുറയ്ക്ക് അത്ഭുതത്തോടെ വായിച്ചു മനസ്സിലാക്കാനെങ്കിലും.

    ReplyDelete
  2. മനസ്സില്‍ ഉണങ്ങാത്ത വയലും , തെളിഞ്ഞു ഒഴുകുന്ന പുഴയും , പച്ചവിരിച്ച തെങ്ങിന്തോപ്പും ഉള്ള കാലത്തോളം ഈ ഓര്‍മ്മകള്‍ മരിക്കില്ല . വയല്‍ ഉണങ്ങി , മണല്‍ വാരി പുഴ നശിച്ചു എന്നാലും ഇത്തരം ഓര്‍മ്മകള്‍ ഉള്ള ഒരുപാടു പേരുണ്ടാകും എന്നെ പോലെ , ശ്രീയെപോലെ .....

    ReplyDelete
  3. ശ്രീ പറഞ്ഞ പോലെ (ഓ രണ്ടും ശ്രീ ആണല്ലോ, ആണ്‍ ശ്രീ.!) വളരെ നല്ലൊരു പോസ്റ്റ്‌. പണ്ട്, ഇത്തിരി പണ്ട് അച്ഛന്റെ വീട്ടിലെ കൊയ്ത്തു കാലം. എല്ലാവരും ഉണ്ടാവും. രണ്ടും, മൂന്നും തലമുറക്കാര്‍. ഈ പറഞ്ഞ കറ്റയിന്മേല്‍ കളി, അത് ഒരു വലിയ ഇഷ്ട്ട വിനോദമായിരുന്നു, ഞങ്ങള്‍ പീക്കിരികള്‍ക്ക്. ഹോ! കറ്റയുടെ കാര്യം പറഞ്ഞപ്പോ, ആ മണമില്ലേ കറ്റയുടെ മണം..... അതിങ്ങനെ മൂക്കിന്റെ തുമ്പത്തു വന്നിങ്ങനെ ഇങ്ങനെ... ശോ! നൊസ്റ്റാല്‍ജിയ നൊസ്റ്റാല്‍ജിയ.... നൊസ്റ്റാല്‍ജിയ വന്നങ്ങു ബുദ്ധി മുട്ടിക്കുവാന്നെ.

    ReplyDelete